ഭോപ്പാൽ: മൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറുടെ വീട് തകർത്ത് അധികൃതർ. മധ്യപ്രദേശിലെ ഭോപ്പാലിൽ ഷാഹ്പുര മേഖലയിലാണ് സംഭവം. പോലീസിന്റെ മേൽനോട്ടത്തിലാണ് വീട് പൊളിച്ചത്. ഇയാളുടെ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നും അധികൃതർ വ്യക്തമാക്കി. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭോപ്പാലിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടി വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം. കുഞ്ഞിന്റെ വസ്ത്രം മാറിയത് കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറയുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ കുടുംബം സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസിലും പരാതി നൽകി.
സ്കൂൾ ബസ് ഡ്രൈവറെ പെൺകുട്ടി തിരിച്ചറിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി. സംഭവസമയം വാഹനത്തിൽ ഉണ്ടായിരുന്ന വനിതാ അറ്റൻഡറേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവം സ്കൂൾ അധികൃതർ മൂടി വയ്ക്കാൻ ശ്രമിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇവരെ ചോദ്യം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ബാലാവകാശ കമ്മീഷനും ഭോപ്പാൽ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments