ചണ്ഡീഗഡ് : ഗുരുഗ്രാമിലെ ബോംബ് ഭീഷണി വ്യാജം. പോലീസിന് വ്യാജ സന്ദേശം കൈമാറിയത് പ്രദേശത്തെ ഇരുപത്തിനാലുകാരനായ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്. സന്ദേശം ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകളാണ് പ്രദേശത്ത് പോലീസ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച രാവിലെയോടൊണ് ദി ലീല ഹോട്ടലിൽ ബോംബ് ഉണ്ടെന്ന് സന്ദേശം പോലീസിന് ലഭിക്കുന്നത്. പിന്നാലെ സ്ഥലത്ത് ഗുരുഗ്രാം സിറ്റി പോലീസെത്തി ഒന്നര മണിക്കൂറോളം പരിശോധന നടത്തി. സെക്ടർ 47 ലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാനസിക പ്രശ്‌നം ഉള്ള യുവാവായിരുന്നു പോലീസിന് വ്യാജ സന്ദേശം കൈമാറിയത്. സംഭവത്തിൽ യുവാവിനെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.
രാവിലെ 11.35 ഓടെ ആംബിയൻസ് മാൾ കോംപ്ലക്സിലുള്ള ദി ലീല ഹോട്ടലിലാണ് സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ ഹോട്ടൽ പരിസരത്ത് നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് ഈസ്റ്റ് ഡിസിപി വീരേന്ദർ വിജ് പറഞ്ഞു. ഫോൺ വന്ന നമ്പരിലേക്ക് തിരികെ വിളിച്ചപ്പോൾ ഫോൺ ഓഫ്് ആയിരുന്നു. ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സെക്ടർ 47 ലെ ഒരു ആശുപത്രി ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നാണ് ഫോൺ ചെയ്ത വ്യക്തി ഇവിടെ ചികിത്സയിൽ കഴിയുന്ന ആളാണെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments