മലപ്പുറം: സർക്കാരിന്റെ ഓണക്കിറ്റിൽ മുഴുവൻ സാധനങ്ങളും ഇല്ലാത്തതിനെ തുടർന്ന് മലപ്പുറത്ത് ശക്തമായ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കിറ്റ് വിതരണം നിർത്തിവെച്ചു. 15 ഇന ഓണക്കിറ്റിൽ മിക്ക സാധനങ്ങളും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.
മമ്പാട് ഓടായ്‌ക്കലിൽ എആർഡി 116ാം നമ്പർ കടയിലാണ് മുഴുവൻ സാധനങ്ങളുമില്ലാതെ കിറ്റ് വിതരണം ചെയ്തത്. ഓണത്തിന് മുൻപ് കിട്ടാത്തവർക്കായിരുന്നു വിതരണം. പ്രദേശത്തെ 44 കുടുംബങ്ങളാണ് കിറ്റ് വാങ്ങാൻ ബാക്കിയുണ്ടായിരുന്നത്. ചൊവ്വാഴ്ച കിറ്റ് എത്തിയതായി റേഷൻ കടയുടമ അറിയിച്ചതിനെ തുടർന്നാണ് ഇവർ റേഷൻ കടയിൽ എത്തിയത്. എന്നാൽ കിറ്റ് വാങ്ങി നോക്കിയപ്പോൾ 11 ഇനങ്ങൾ മാത്രം.
ഇതോടെ നാട്ടുകാർ കിറ്റിലെ സാധനങ്ങൾ വിപണി വിലവെച്ചു കണക്കു കൂട്ടി. ഇതോടെയാണ് കിറ്റിലെ കൊള്ള പുറത്തായത്. 293 രൂപയുടെ സാധനങ്ങളാണ് 500 രൂപയുടെ കിറ്റിൽ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ റേഷൻ കടയിൽ എത്തി ശക്തമായി പ്രതിഷേധിച്ചു. മറ്റ് കടകളിൽ ബാക്കിയുണ്ടായിരുന്ന കിറ്റ് എത്തിച്ചാണ് ഉദ്യോഗസ്ഥർ പ്രതിഷേധം തണുപ്പിച്ചത്.
Comments