കീവ്: റഷ്യൻ അധിനിവേശ മേഖലയായിരുന്ന കാർകീവിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച് യുക്രെയ്ൻ. സംഘർഷം ആരംഭിച്ച് ആദ്യ ദിനങ്ങളിൽ തന്നെ റഷ്യ പൂർണമായും പിടിച്ചെടുത്ത സ്ഥലമായിരുന്നു കാർകീവ്. മേഖലയുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മാത്രം 20ലധികം ജനവാസ കേന്ദ്രങ്ങളാണ് യുക്രെയ്ൻ സൈന്യം മോചിപ്പിച്ചത്. കാർകീവ് മേഖലയിലെ പ്രധാന കെട്ടിടങ്ങളിലെല്ലാം വീണ്ടും യുക്രെയ്‌ന്റെ പതാക പുന:സ്ഥാപിച്ചു. ആറ് മാസത്തോളം റഷ്യൻ സൈന്യത്തിന് കീഴിലായിരുന്ന പ്രദേശങ്ങളുടെ നിയന്ത്രണമാണ് വീണ്ടും യുക്രെയ്ൻ തിരിച്ച് പിടിച്ചത്.
ഈ മാസം മാത്രം 6000 ച.കി.മീ സ്ഥലം തിരിച്ച് പിടിച്ചതായി യുക്രെയ്ൻ സേനാ വക്താവ് നതാലിയ ഹ്യുമെനിക് വ്യക്തമാക്കി. 4,000 ച.കി.മീ മേഖല യുക്രെയ്‌ന്റെ പൂർണ നിയന്ത്രണത്തിലാണ്. അതേസമയം യുക്രെയ്ൻ മുന്നേറ്റം സമ്മതിച്ച റഷ്യ, മേഖലയിൽ വീണ്ടും സൈന്യത്തെ പുന:സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നത് വരെ സൈനിക നടപടി തുടരുമെന്നും റഷ്യ ഭരണകൂട വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
.
Comments