തിരുവനന്തപുരം: നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മന്ത്രി വി ശിവൻകുട്ടി മറുപടി നൽകിയത്. തുടർന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ യു ഡി എഫ് വ്യക്തി വൈരാഗ്യം തീർക്കാൻ മനപ്പൂർവ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽ വസ്തു വകകൾക്ക് നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ മനപ്പൂർവ്വം കേസെടുക്കുകയാണെന്ന് പറഞ്ഞ ശിവൻകുട്ടി കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ബാർ കോഴയുമായി ബന്ധപ്പെട്ട് നടന്ന നിയമ സഭ കയ്യാങ്കളിയിൽ നിരവധി നാശ നഷ്ടമാണ് നിയമ സഭയിൽ ഉണ്ടായത്. യു ഡി എഫ് എം എൽ എമാർക്കെതിരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്പീക്കറുടെ ചെയറിൽ കയറി പലതും നശിപ്പിച്ചതും കസേര തള്ളി താഴെയിട്ടതും അടങ്ങുന്ന സംഭവങ്ങളുടെ ദൃശ്യം പുറത്ത് വന്നിരുന്നു.
Comments