മുംബൈ: ഗുജറാത്ത് നേടിയെടുത്ത വിപുലമായ സെമികണ്ടക്ടർ വ്യവസായം മഹാരാഷ്‌ട്രയ്‌ക്ക് നഷ്ടപ്പെടാൻ കാരണം പ്രതിപക്ഷ കക്ഷികളുടെ കടുത്ത ബിജെപി വിരോധമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വേദാന്ത ഗ്രൂപ്പും-തായ്‌വാനിലെ ഫോക്‌സ്‌കോണും സംയുക്തമായി സെമികണ്ടക്ടർ നിർമ്മാണത്തിൽ വൻ വ്യവസായമാണ് ഗുജറാത്തിൽ ആരംഭിക്കുന്നത്. ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയിൽ വൻവിപ്ലവം നടത്താൻ പോകുന്ന വ്യവസായം മഹാരാഷ്‌ട്രയ്‌ക്ക് നഷ്ടമായതിന് കോൺഗ്രസ്സും എൻസിപിയും ഉദ്ധവിന്റെ ശിവസേനയും അടങ്ങിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്നും ഷിൻഡേ പറഞ്ഞു.
പ്രതിപക്ഷം ആത്മവിമർശനം നടത്തേണ്ട സമയമാണിത്. സംസ്ഥാനത്തിന് ലഭിക്കേണ്ട പല നല്ല പദ്ധതികളും ഉദ്ധവിന്റെ പിടിവാശിയിൽ അകന്നുപോയി. ബുള്ളറ്റ് ട്രെയിൻ പദ്ധതി അനിശ്ചിതത്വത്തിലായതിന് പുറമേയാണ് ആഗോള സെമികണ്ടക്ടർ ഭീമനായ തായ് വാൻ കമ്പനിയുടെ പദ്ധതിയും മഹാരാഷ്‌ട്രയ്‌ക്ക് നഷ്ടമായതെന്നും ഷിൻഡെ കുറ്റപ്പെടുത്തി.39000 കോടി സഹായധനം പ്രഖ്യാപിച്ചിട്ടും തായ്വാൻ കമ്പനി മഹാരാഷ്‌ട്രയെ മുൻ അനുഭവം വെച്ചാണ് തഴഞ്ഞതെന്നും ഷിൻഡേ പറഞ്ഞു.
ഇതിനിടെ മഹാരാഷ്‌ട്രയിൽ മുന്നേ പറഞ്ഞുവെച്ച പദ്ധതി നഷ്ടമാകാൻ കാരണം ഷിൻഡേയും ഫഡ്‌നാവിസും വേണ്ടപോലെ സമ്മർദ്ദം ചെലുത്താതിരുന്നതിനാലാണെന്ന് ഉദ്ധവ് പക്ഷം തിരിച്ചടിച്ചു. എന്നാൽ തങ്ങളുടെ നേതൃത്വത്തിൽ സർക്കാർ വന്നിച്ച് ഒന്നര മാസമേ ആയിട്ടുള്ളു. വികസനം എല്ലാവരും കൊതിക്കുന്നതാണെന്നും മഹാരാഷ്‌ട്രയ്‌ക്ക് ഉണ്ടായത് കനത്ത നഷ്ടമാണെന്നും ഷിൻഡേ കുറ്റപ്പെടുത്തി. മുൻ ഭരണകൂടം മാറിയത് കമ്പനി അറിയാതിരുന്നതും വിനയായെന്ന് ഷിൻഡേ പറഞ്ഞു.
Comments