ന്യൂഡൽഹി: ഹിജാബ് നിരോധനം മുസ്ലീം വിദ്യാർത്ഥിനികളെ മദ്രസകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുമെന്ന് കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയവർ സുപ്രീംകോടതിയിൽ. സർക്കാർ ഉത്തരവും, കോടതി വിധിയും മുസ്ലീം പെൺകുട്ടികളുടെ മരണ മണിയാണ്. അതിനാൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയുള്ള കർണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഹിജാബ് നിരോധനം മുസ്ലീം വിദ്യാർത്ഥികളോടുള്ള പ്രകടമായ വേർതിരിവാണ്. ഇത് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്ന് മടങ്ങാൻ പ്രേരിപ്പിക്കും. ഹൈക്കോടതി വിധി വന്നതിന് ശേഷം 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയ്‌ക്കുള്ള അവസരം നഷ്ടമായി. കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് വരാൻ പ്രചോദനം നൽകുന്നത് ആകണം സർക്കാരിന്റെ നയങ്ങൾ. പല പ്രതിസന്ധികളും തരണം ചെയ്താണ് വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിയത്. എന്നാൽ ഹിജാബ് നിരോധനം അവരെ വീണ്ടും മദ്രസകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കും. ഇത് നമ്മുടെ ഭരണഘടനയുമായി ഒത്തു പോകില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
ഹിജാബ് ധരിച്ച് ക്ലാസുകളിൽ എത്തുന്ന വിദ്യാർത്ഥികൾ യാഥാസ്ഥിതിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാലങ്ങളായി ഇവർ ഹിജാബ് ധരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി അവരുടെ മാനസിക നിലയെ സാരമായി ബാധിക്കും. മതാനുഷ്ഠാനമായി കണക്കാക്കുന്ന ഒരു കാര്യം അവരിൽ നിന്നും എടുത്തുമാറ്റിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
Comments