ശ്രീനഗർ: ശ്രീനഗറിൽ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ചെനാബ് നദിക്ക് കുറുകെ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ ചിത്രങ്ങളാണ് റെയിൽവേ പങ്കുവച്ചിരിക്കുന്നത്. വെളുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ പൊങ്ങി നിൽക്കുന്ന പാലത്തിന്റെ ചിത്രങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ ആരേയും ആകർഷിക്കും. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ സെക്ഷനിൽ കത്രയിൽ നിന്ന് ബനിഹാളിലേക്കുള്ള പാതയുടെ ഭാഗമാണ് ഈ പാലം.
വിവിധ സമയങ്ങളിലായെടുത്ത പാലത്തിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ പാരീസിലെ ഈഫൽ ടവറിനെക്കാൾ 30 മീറ്റർ കൂടുതൽ ഉയരത്തിലാകും ചെനാബ് പാലം സ്ഥിതി ചെയ്യുക. നദിയുടെ ഇരുകരകളിൽ നിന്നുമാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഗോൾഡൻ ജോയിന്റ് എന്നാണ് പാലങ്ങളെ തമ്മിൽ കൂട്ടിമുട്ടിച്ച സ്ഥലത്തിന് എഞ്ചിനീയർമാർ നൽകിയ പേര്. ഈ വർഷം ഓഗസ്റ്റ് 13നാണ് രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടിച്ചത്.
A sight of the breathtakingly beautiful Chenab Bridge. pic.twitter.com/qpmaUlApCt
— Ministry of Railways (@RailMinIndia) September 13, 2022
1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ചെനാബ് നദിക്ക് മുകളിലായി 350 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 1486 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി നീക്കി വച്ചിരിക്കുന്നത്.
Comments