എറണാകുളം: ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. ആലുവ- പെരുമ്പാവൂർ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് കുഴി അടച്ച് റോഡ് ഗതാഗത യോഗ്യമാക്കി.
രാവിലെയോടെയായിരുന്നു സംഭവം. ജോലിയ്‌ക്ക് പോകുന്നതിനിടെയാണ് യാത്രികൻ കുഴിയിൽ വീണത്. അപകടത്തിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇതേ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
മഴ പെയ്തതോടെ വലിയ കുഴികളാണ് ആലുവ- പെരുമ്പാവൂർ റൂട്ടിൽ രൂപപ്പെട്ടിട്ടുള്ളത്. റോഡിൽ കുഴി രൂപപ്പെട്ടതിനെ തുടർന്ന് സർക്കാർ 10 ലക്ഷം രൂപ ചിലവിട്ട് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ആഴത്തിലുള്ള കുഴി രൂപപ്പെടുകയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റത്.
Comments