ഡൽഹി: വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തേയ്‌ക്ക് ഓടിയെത്തി തെരുവ് നായ. ഡൽഹിയിൽ വെച്ചായിരുന്നു സംഭവം. പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ എകെജി ഭവനിൽ എത്തിയപ്പോഴായിരുന്നു പിണറായി വിജയന് സമീപത്തേയ്‌ക്ക് തെരുവ് നായ ഓടി എത്തിയത്. മുഖ്യമന്ത്രിയ്‌ക്ക് നേരെ വന്ന നായയെ സുരക്ഷ ഉദ്യോഗസ്ഥൻ കാല് കൊണ്ട് തട്ടി ഓടിച്ചു.
അതേസമയം, കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചു. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്. 170 ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. തെരുവ് നായ്‌ക്കളുടെ എണ്ണം രണ്ട് ലക്ഷമാണെന്ന ഏകദേശ കണക്ക് മാത്രമാണ്
നിലവിൽ സർക്കാരിന് മുന്നിലുള്ളത്.
അടിയന്തര നടപടി എടുക്കുമെന്ന് പറയുമ്പോഴും തെരുവിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടികൂടി ഒഴിപ്പിക്കുന്നതിൽ നടപടികൾ വൈകുന്നതോടെ ജനങ്ങൾക്കിടയിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടെത്താൻ ഇന്ന് വകുപ്പ് യോഗം ചേരും. മന്ത്രി ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. വാക്‌സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ, തെരുവ് നായക്കളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.
Comments