ശപഥത്തെ കുറിച്ച് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരിക ഫഹദ് ഫാസിൽ ചിത്രമായ ‘മഹേഷിന്റെ പ്രതികാര’മാണ്. തന്നെ തല്ലിയ ജെയ്‌സണെ തിരിച്ചടിച്ച ശേഷമെ താനിനി ചെരുപ്പിടൂ എന്ന് ശപഥം ചെയ്ത മഹേഷിനെ മലയാളികളാരും മറക്കില്ല. ഇപ്പോഴിതാ ഒരു റിയൽ ലൈഫ് മഹേഷിനെ കണ്ടു കിട്ടിയിരിക്കുകയാണ്. പേരിൽ മാത്രമാണ് ചെറിയ മാറ്റം, ശപഥത്തിൽ മാറ്റമില്ല. സിനിമയിൽ മഹേഷാണെങ്കിൽ റിയൽ ലൈഫിൽ ശപഥം ചെയ്തിരിക്കുന്നത് ദിനേശാണ്. തന്റെ ആഗ്രഹം എന്ന് പൂർത്തിയാകുന്നോ അന്നു മാത്രമെ താൻ ചെരുപ്പ് ധരിക്കൂ എന്നാണ് ദിനേശിന്റെ ശപഥം.
എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതും അങ്കലാപ്പാക്കുന്നതും ദിനേശിന്റെ ആഗ്രഹമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്ന് പ്രധാനമന്ത്രി ആകുന്നുവോ അന്ന് മാത്രമെ താൻ ചെരുപ്പ് ധരിക്കുകയുള്ളൂ എന്നാണ് ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശർമ്മ ശപഥം എടുത്തിരിക്കുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ സജീവ സാന്നിധ്യമാണ് ദിനേശ് ശർമ്മ.
കന്യാകുമാരി മുതൽ കാശ്മീർ വരെ ചെരുപ്പിടാതെ ദിനേശ് ശർമ്മ പദയാത്രയുടെ ഭാഗമാകും. രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള വസ്ത്രമാണ് ഇയാൾ ധരിക്കുന്നത്. ടാറിട്ട റോഡിലെ ചൂട് മറികടക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഷൂസും സോക്‌സുമെല്ലാം ധരിക്കുമ്പോൾ, വിശ്രമിക്കാൻ എസി കണ്ടെയ്‌നർ ഉപയോഗിക്കുമ്പോൾ ശപഥം എടുത്ത ദിനേശ് ശർമ്മ നഗ്നപാദനായി കീലോമീറ്ററുകൾ താണ്ടാൻ ഒരുങ്ങുകയാണ്. ദിനേശിന്റെ ശപഥം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ശപഥം ഒരിത്തിരി കൂടിപ്പോയില്ലെ എന്നാണ് ഒരു വിഭാഗം ജനങ്ങൾ പ്രതികരിക്കുന്നത്.
Comments