ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾക്ക് അനുകൂലമായ കോടതിവിധിയ്‌ക്കെതിരെ മതതീവ്രവാദ സംഘടനയായ പോപ്പുലർഫ്രണ്ട്. കോടതിയുടെ വിധി നിരന്തരം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഫാസിസ്റ്റുകൾക്ക് പ്രചോദനമാണെന്ന് പോപ്പുലർഫ്രണ്ട് നേതാവ് ഒഎംഎ സലാം പറഞ്ഞു. 1991 ലെ ആരാധനാ നിയമത്തിന്റെ ലംഘനമാണ് കോടതി വിധിയെന്നും സലാം കുറ്റപ്പെടുത്തി.
മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ തട്ടിയെടുക്കുന്ന അപകടകരമായ പ്രവണ അവസാനിപ്പിക്കേണ്ടതുണ്ട്. വിധി പുറപ്പെടുവിക്കുന്നതിന് മുൻപ് തർക്ക മന്ദിരം പൊളിച്ചതിന് ശേഷം സമൂഹം എത്തരത്തിൽ ഭിന്നിക്കപ്പെട്ടുവെന്ന വസ്തുത കോടതി പരിഗണിച്ചില്ല. നിരവധി നിരപരാധികൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. വാരാണസി ജില്ലാ കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള മസ്ജിദ് കമ്മിറ്റുടെ തീരുമാനത്തിനൊപ്പം പങ്കുചേരുമെന്നും സലാം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേസിൽ ഹിന്ദു സ്ത്രീകൾക്ക് അനുകൂലമായി വാരാണസി ജില്ലാ കോടതി വിധി പുറപ്പെടുവിച്ചത്. ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുവദിക്കണമെന്ന ഹർജിയിലായിരുന്നു അനുകൂല വിധി. ജില്ലാ കോടതി വിധിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം സിപിഎമ്മും രംഗത്ത് വന്നിരുന്നു.
Comments