അമൃത്സർ: അഫ്ഗാനിൽ താലിബാന്റെ ന്യൂനപക്ഷ പീഡനം തുടരുന്നു. സിഖ് വംശജർക്ക് നേരെയുള്ള അതിക്രമം തുടരുന്ന താലിബാൻ 60 പേരെ അകാരണമായി തടഞ്ഞുവെച്ചിരി ക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ത്യയിലേയ്‌ക്ക് എത്താൻ ഈ മാസം 11-ാം തിയതി തീരുമാനിച്ചവരെയാണ് താലിബാൻ തടഞ്ഞതെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. സിഖ് മതഗ്രന്ഥം കയ്യിൽ എടുത്തുവെന്നതാണ് അറുപതുപേരേയും തടഞ്ഞുവെയ്‌ക്കാനുള്ള കാരണമായി ഇസ്ലാമിക ഭീകരർ പറയുന്ന ന്യായം.
അഫ്ഗാനിലെ താലിബാൻ സിഖ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമത്തിനെതിരെ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അഭ്യർത്ഥിച്ചു. സിഖ് സമൂഹം എന്നും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും വലിയ ക്രൂരതയാണ് അഫ്ഗാനിലെ ഭീകരരിൽ നിന്നും സിഖ് സമൂഹം കാലങ്ങളായി അനുഭവിക്കുന്നതെന്നും സിഖ് സംഘടന ആരോപിച്ചു.
തങ്ങളെവിടെ പോയാലും ഗുരുഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം ജീവന് തുല്യം സംരക്ഷിക്കും. അതിനെ അപമാനിക്കുന്നുവെന്നാൽ തങ്ങളുടെ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും എസ്ജിപിസി അദ്ധ്യക്ഷൻ ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. നിരവധി ഗുരുദ്വാരകളാണ് താലിബാനും മറ്റ് ഭീകര സംഘടനകളും തകർത്തത്. അഫ്ഗാനിൽ സിഖ് സമൂഹം സുരക്ഷിതമല്ല. എല്ലാവർക്കും അവിടെ നിന്ന് രക്ഷപെടണമെന്നാണ് ആഗ്രഹമെന്നും ധാമി പറഞ്ഞു.
Comments