ന്യൂഡൽഹി: ഷാൻഹായ് സമ്മേളനത്തിൽ ഇന്ത്യ ഇത്തവണ ശക്തമായ നയം മുന്നോട്ട് വയ്‌ക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഭൂഖണ്ഡത്തിലേയും ഏഷ്യൻ മേഖലയിലേയും അന്താരാഷ്‌ട്ര തലത്തിലേയും വിഷയങ്ങളെ സമഗ്രമായി പരാമർശിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. കൊറോണയ്‌ക്ക് ശേഷം രാഷ്‌ട്രത്തലവന്മാർ ഒന്നിക്കുന്ന യോഗം ഉസ്ബക്കിസ്ഥാനിലെ സമാർഖണ്ഡിലാണ് നടക്കുന്നത്.
ചൈന, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്താൻ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിങ്ങനെ ഏഴു രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം ഷാൻഹായ് സമ്മേളനത്തിലുള്ളത്. നിരീക്ഷക രാജ്യങ്ങളായി അഫ്ഗാനിസ്ഥാൻ, ബെലാറുസ്, ഇറാൻ, മംഗോളിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവർക്കൊപ്പം വിവിധ വിഷയങ്ങളിലെ സംവാദ പരിപാടിയിൽ പങ്കെടുക്കാനായി അർമേനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സമാർഖണ്ഡിലെ ത്തിക്കഴിഞ്ഞു.
ഇന്ത്യയ്‌ക്ക് എന്നും ഭീഷണിയായ ചൈനയും ഇന്ത്യയുടെ സമയോചിതമായ സഹായത്തിലൂടെ സൗഹൃദം ശക്തമാക്കിയ പുടിനും ഒരുമിക്കുന്ന സമ്മേളനമാണിത്. ഷാൻഹായ് കോർപ്പറേ ഷൻ അംഗരാജ്യങ്ങളുടെ സമ്മേളനം ഏഷ്യൻ മേഖലയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിയും ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷൗഖത് മിർസിയോയേവും സമാർഖണ്ഡിലെ യോഗത്തിനിടെ പ്രത്യേകം കൂടിക്കാഴ്ച നടത്തും. 2019 ജൂണിൽ കൊറോണയ്‌ക്ക് മുമ്പാണ് ഷാൻഹായ് സമ്മേളനം ബിഷ്‌കേക്കിൽ നടന്നത്. തുടർന്ന് നടന്ന രണ്ടു സമ്മേളനങ്ങളും വെർച്വൽ സംവിധാനത്തിലായിരുന്നു.
ചൈനയും റഷ്യയും അന്താരാഷ്‌ട്രതലത്തിൽ ഒരുപോലെ ഉപരോധം നേരിടുന്ന സമയത്തെ സമ്മേളനം ഏറെ സുപ്രധാനമാണ്. ഇരുരാജ്യങ്ങളുമായി ബന്ധമുള്ള ഇന്ത്യയുടെ നിലപാടുകൾ മേഖലയിൽ നിർണ്ണായകമാവുകയാണ്. വാണിജ്യ-സാന്പത്തിക മേഖലയിൽ ചൈനയുടെ സുതാര്യത ഇല്ലാത്ത നയങ്ങളെ ഇന്ത്യ വിമർശിക്കുവാനാണ് സാധ്യത. ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ, ടിബറ്റ് എന്നീ മേഖലകളിലൂടെ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്ന ചൈനയുടെ തന്ത്രങ്ങളെ തുറന്നുകാട്ടുന്ന തരത്തിലേയ്‌ക്ക് സംവാദങ്ങളെ ഇന്ത്യ നയിക്കുമെന്നാണ് വിദഗ്ധര്ർ പ്രതീക്ഷിക്കുന്നത്.
ചൈനയേയും റഷ്യയേയും ഒരു പോലെ എതിർക്കുന്ന ക്വാഡ് സഖ്യത്തിൽ ഇന്ത്യയെ നിർണ്ണായ പങ്കാളിയാക്കി അമേരിക്ക നടത്തുന്ന നീക്കം ഈ കാലഘട്ടത്തിൽ ഏറെ നിർണ്ണായകമാണ്. അമേരിക്കയുടെ മേഖലയിലെ കൈകടത്തലിൽ ചൈനയും റഷ്യയും ഒരുപോലെ അസ്വസ്ഥരാണ്. എന്നാൽ ഇന്ത്യയുമായി ശക്തമായ വാണിജ്യ-പ്രതിരോധ ബന്ധം കാത്തുസൂക്ഷിക്കുന്നതാണ് റഷ്യയുടെ പ്രത്യേകത. നരേന്ദ്രമോദിയും പുടിനും തമ്മിൽ പുലർത്തുന്ന വിശ്വാസ്യത ഷാൻഹായ് സമ്മേളനത്തിൽ പ്രതിഫലിക്കുമെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
Comments