ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ബില്ലിനെ എതിർത്ത കോൺഗ്രസ് വാക്കൗട്ട് നടത്തി. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിർപ്പിനെ മറികടന്നാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബിൽ നിയമനിർമ്മാണ സമിതിക്ക് മുന്നിലേക്ക് എത്തിയത്.
അടുത്തയിടെ സംസ്ഥാനത്ത് അനധികൃത മതപരിവർത്തനങ്ങൾ വ്യാപകമായതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി. പ്രലോഭിപ്പിച്ചും ബലം പ്രയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും സമാധാനാന്തരീക്ഷം തകർത്തും കൂട്ട മതപരിവർത്തനങ്ങൾക്ക് ചിലർ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിയമത്തിനായി സർക്കാർ തീരുമാനമെടുത്തത്. ബിൽ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനങ്ങൾക്ക് മാത്രമാണ് ബിൽ തടയിടുന്നതെന്ന് കർണാടക നിയമ മന്ത്രി ജെ സി മധുസ്വാമി അറിയിച്ചു. മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ബില്ലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. നിർബന്ധിതമായ മതപരിവർത്തനം ജാമ്യമില്ലാത്ത കുറ്റമായി പരിഗണിക്കാനും കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ഉറപ്പ് വരുത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
Comments