പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗോവ രാജ്ഭവൻ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 72 ക്ഷയ രോഗികൾക്കും, കാൻസർ രോഗികൾക്ക് ഡയാലിസിസ് ചികിത്സ നടത്തുന്നതിനാവശ്യമായ ധനസഹായം നൽകുമെന്ന് ഗവർണ്ണർ ശ്രീധരൻ പിള്ള അറിയിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി നിരവധി സേവന പരിപാടികളാണ് സംസ്ഥാന സർക്കാരും ബിജെപിയും നടത്താൻ പോകുന്നത്. സമൂഹത്തിലെ ദരിദ്രരും, അവശതയനുഭവിക്കുന്നവരും, അധഃസ്ഥിത വിഭാഗങ്ങൾക്കുമായി രാജ്ഭവൻ ധാരാളം സേവന പ്രവർത്തനങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലുള്ള മന്ത്രിമാർ സേവനപ്രവർത്തനങ്ങൾക്കായ് ഓരോ മേഖലകൾ തിരഞ്ഞെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മിരാമർ ബീച്ച് വൃത്തിയാക്കുന്ന പരിപാടിക്ക് ഗവർണ്ണർ തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെയുള്ള 16 ദിവസം സംസ്ഥാനത്ത് വിപുലമായ പരിപാടികൾക്കാണ് ബിജെപി നേതൃത്വം നൽകുന്നത്.
രക്തദാന ക്യാമ്പയിനും, കൃത്രിമ കൈ കാലുകളുടെ വിതരണവും, ക്ഷയ രോഗത്തെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുള്ള രോഗികളെ ദത്തെടുക്കുകയും അവർക്കാവശ്യമായ ധനസഹായവും ചികിത്സയും ഉറപ്പു വരുത്തുന്ന പ്രവർത്തനവും ബിജെപി നടത്തും. കൂടാതെ മോദി @20 എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനും പാർട്ടി നേതൃത്വം നൽകുമെന്നും അറിയിച്ചു.
Comments