റായ്പൂർ: ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി ആനക്കൂട്ടം. കുട്ടിയാന കുഴിയിൽ വീണതിനെ തുടർന്നാണ് ആനക്കൂട്ടം ദേശീയപാത ഉപരോധിച്ചത്. ചണ്ഡീഗഢിലെ കോർബ ജില്ലയിലാണ് സംഭവം.
ദേശീയപാതയ്‌ക്ക് സമീപമുള്ള വലിയ കുഴിയിലേക്ക് ആനക്കുട്ടി വീണതിനെ തുടർന്ന് മൂന്ന് മണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനപാലകർ കുട്ടിയാനയെ രക്ഷിക്കുകയായിരുന്നു. കുഴിനിരപ്പാക്കി വലിയ വടം ഉപയോഗിച്ചാണ് കുട്ടിയാനയെ രക്ഷിച്ചത്.
കുട്ടിയാന വീണ ഇടത്തു നിന്നും അധികം അകലെയല്ലാതെ ആനക്കൂട്ടം നിലയുറപ്പിച്ചത് വനപാലകരുടെ നെഞ്ചിടിപ്പ് ഉയർത്തി. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചായിരുന്നു വനപാലകസംഘം രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞ് ഇറങ്ങിയത്.
കുഴിയിൽ പകുതിയിലധികവും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ തന്നെ ഏറെ ദുഷ്കരമായിരുന്നു രക്ഷാപ്രവർത്തനം. 100 കിലോയോളം ഭാരമുള്ള കുട്ടിയാന കുഴിയിൽ നിന്ന് എഴുന്നേൽക്കാനാവാത്ത വിധം ക്ഷീണിതനായതും കാര്യങ്ങൾ കുഴപ്പിച്ചു. ഒടുവിൽ ഫോറസ്റ്റ് ബീറ്റ് ഗാർഡായ മംഗൾ നായക് ധെെര്യപൂർവ്വം മുന്നോട്ട് വരികയായിരുന്നു.
കുഴിയിലിറങ്ങി കുട്ടിയാനയുടെ ശരീരത്തിന് ചുറ്റും വടം ചുറ്റാൻ അദ്ദേഹം സ്വമേധയാ തയ്യാറായി മുന്നോട്ട് വരികായായിരുന്നു. അരുമയെപ്പോലെ മംഗൾ നായകിന്റെ ഓരോ ചലനവും കുട്ടിയാന അനുസരിച്ചത് ഏറെ കൗതുകരമായി.
കുഞ്ഞ് വീണത് മുതൽ കുഴിയുടെ അടുത്ത് നിന്ന് മാറാതെ നിസ്സഹായതയോടെ നോക്കിനിൽക്കുകയായിരുന്നു അമ്മയാന.രക്ഷാപ്രവർത്തനത്തിനായി ചുറ്റും നോക്കി നിലവിളിയ്‌ക്കുന്ന അമ്മയാന, രക്ഷാപ്രവർത്തനം ആരംഭിച്ചതോടെ ശാന്തയായി മാറിനിന്നു.യന്ത്രങ്ങളുടെ ശബ്ദം കേട്ട് പരിഭ്രാന്തിയിലായെങ്കിലും രക്ഷകരാണ് എത്തിയതെന്നറിഞ്ഞതോടെ ആനക്കൂട്ടം ശാന്തരാവുകയായിരുന്നു.
21 ലധികം വരുന്ന ആനകൂട്ടമാണ് കുട്ടിയാനയെ രക്ഷിക്കുന്നതും കാത്തിരുന്നത്. റേഞ്ച് ഓഫീസർമാരായ മനീഷ് സിംഗ്, അഭിഷേക് ദുബെ എന്നിവുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Comments