തൃശൂർ: കക്കാട് മനയിൽ കിരൺ ആനന്ദ് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തി. നറുക്കെടുപ്പിലൂടെയായിരുന്നു അദ്ദേഹത്തെ മേൽ ശാന്തിയായി തിരഞ്ഞെടുത്തത്. ആദ്യമായാണ് കിരൺ ആനന്ദ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. തിയ്യന്നൂർ കൃഷ്ണചന്ദ്രൻ ആണ് നിലവിലെ മേൽശാന്തി.
ഉച്ചപൂജയ്‌ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേൽശാന്തിയാണ് നറുക്കെടുത്തത്. കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരുടെ പേരുകളാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്. 39 പേരുകളായിരുന്നു നറുക്കിട്ട് എടുത്തത്. ഇതിൽ കിരൺ ആനന്ദ് നമ്പൂതിരിയെ ഭാഗ്യം തുണയ്‌ക്കുകയായിരുന്നു.
ഈ മാസം 30 നാണ് അദ്ദേഹം മേൽശാന്തിയായി സ്ഥാനമേൽക്കുന്നത്. ഇതിന് മുൻപായി 12 ദിവസം അദ്ദേഹം ക്ഷേത്രത്തിൽ ഭജനമിരിക്കും. ആറ് മാസമാണ് അദ്ദേഹത്തിന്റെ കാലാവധി.
Comments