മുംബൈ: സ്കൂളിലെ ലിഫ്റ്റിന്റെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങി അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം. മുംബൈ മലാഡിലെ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സംഭവം. 26 വയസ്സുകാരിയായ ജിനാൽ ഫെർണാണ്ടസ് എന്ന അദ്ധ്യാപികയാണ് മരിച്ചത്.
സ്കൂളിന്റെ ആറാം നിലയിലെ ക്ലാസ് കഴിഞ്ഞ് രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലേക്ക് പോകാൻ ലിഫ്റ്റിൽ കയറാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. ലിഫ്റ്റിൽ ഒരു കാൽ വെച്ചപ്പോഴേക്കും, വാതിൽ അടഞ്ഞ് ലിഫ്റ്റ് മുകളിലേക്ക് പോയി. അപ്പോൾ അദ്ധ്യാപികയുടെ ഒരു കാൽ ലിഫ്റ്റിനകത്തും ശരീരം ലിഫ്റ്റിന് പുറത്തുമായിരുന്നു. ഈ അവസ്ഥയിൽ, മാരകമായി പരിക്കേറ്റ അദ്ധ്യാപികയെയും കൊണ്ട് ലിഫ്റ്റ് ഏഴാം നിലയിലേക്ക് പോയി.
നിലവിളി കേട്ട് ഓടിയെത്തിയ വിദ്യാർത്ഥികളും സഹപ്രർവർത്തകരും പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ശരീരം ചിന്നഭിന്നമായ അവസ്ഥയിലാണ് അദ്ധ്യാപികയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Comments