കോട്ടയം: തെരുവ്‌നായയുടെ ആക്രമണം രൂക്ഷമായി തുടരുന്നു. ജില്ലയിൽ ശനിയാഴ്ച നാലു പേർക്കാണ് തെരുവ് നായുടെ കടിയേറ്റത്. പാമ്പാടി ഏഴാം മൈലിൽ വീട്ടമ്മയ്‌ക്കും കടിയേറ്റു.നിഷാ സുനിലിനെയാണ് നായ കടിച്ചത്. വീടിന്റെ മുറ്റത്തുവെച്ചാണ് ആക്രമണമുണ്ടായത്.നായയെ കണ്ട് വീട്ടമ്മ വീടിനുള്ളിലേക്ക് ഓടി. എന്നാൽ പിന്നാലെയെത്തി നായ കടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സമീപവാസികളായ മറ്റ് മൂന്നു പേർക്കും നായുടെ കടിയേറ്റു. പാറയിൽ വീട്ടിൽ ഫെബിൻ, പതിനെട്ടിൽ സുമി, കാലായിൽ രാജു എന്നിവരെയും തെരുവ്‌നായ ആക്രമിച്ചു. വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് ഫെബിന് കടിയേറ്റത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ആരാധനാലയങ്ങളിൽ പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും നായ്‌ക്കളുടെ ശല്യം മൂലം വലഞ്ഞിരിക്കുകയാണ്. സ്‌കൂളുകളിലും അങ്കണവാടിയിലും കുട്ടികളെ തനിയെ പറഞ്ഞയയ്‌ക്കാൻ രക്ഷിതാക്കളും മടി കാണിക്കുകയാണ്. കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺ ഹാൾ പരിസരം, മുരിക്കുംപുഴ, മേവട, രാമപുരം, ഇടമറ്റം, കിടങ്ങൂർ, വലവൂർ, ഭരണങ്ങാനം, മുത്തോലി, പാളയം, കൊല്ലപ്പള്ളി, ചെത്തിമറ്റം തുടങ്ങിയ സ്ഥലങ്ങളിലാണ് ശല്യം രൂക്ഷം.
Comments