ലണ്ടൻ; രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താനുമാണ് അവർ ലണ്ടനിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുൾപ്പടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്വീകരിച്ചു
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്കായി ലണ്ടൻ സന്ദർശിക്കുന്ന എല്ലാ രാഷ്ട്രത്തലവൻമാരും തിങ്കളാഴ്ചത്തെ സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിയശേഷം ലങ്കാസ്റ്റർ ഹൗസിൽ അനുശോചന പുസ്തകത്തിൽ ഒപ്പുവയ്ക്കും.
അതേസമയം വെസ്റ്റ്മിനിസ്റ്റർ ഹാളിലെ ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ അനുവദിക്കില്ല.ഔദ്യോഗിക അതിഥി പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പങ്കെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. റഷ്യ, ബെലാറസ്, അഫ്ഗാനിസ്താൻ, മ്യാൻമർ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങൾ ഈ പട്ടികയിലാണ്.
Comments