സുൽത്താൻ ബത്തേരി: തരുവണയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെ മക്കളെ അധിക്ഷേപിച്ച് സിപിഎം നേതാവ്. സെപ്റ്റംബർ രണ്ടിന് പൊള്ളലേറ്റ് മരിച്ച മുഫീദയുടെ മക്കളെ പാർട്ടി പൊതുയോഗത്തിൽ വെച്ചാണ് ജില്ലാ സെക്രട്ടറിയേറ്റംഗം എഎൻ പ്രഭാകരൻ അപമാനിച്ചത്. 14 വയസ്സുള്ള മകൻ തീവ്രവാദിയാണ് എന്നാണ് രാഷ്‌ട്രീയ വിശദീകരണയോഗത്തിൽ നേതാവ് പരാമർശിച്ചത്.
മുഫീദയുടെ മരണത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി വിവിധ രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തരുവണയിൽ പൊതുയോഗം സംഘടിപ്പിച്ചത്.സംഭവത്തിൽ മുഫീദയുടെ രണ്ടാം ഭർത്താവ് ഹമീദിന്റെ മകൻ ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ജാബിറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്ന് മാനന്തവാടി പോലീസ് വ്യക്തമാക്കി.ഡിവൈഎഫ്‌ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയാണ് ജാബിർ. ഇയാളെ പിന്നീട് സ്ഥാനത്ത് നിന്ന് നീക്കി.
എന്നാൽ മുഫീദയുടെ കുടുംബത്തെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കുറ്റം ചെയ്ത എല്ലാവരും നിയമത്തിന് മുന്നിൽ വരണമെന്നാണ് ആഗ്രഹമെന്നും എഎൻ പ്രഭാകരൻ പറഞ്ഞു. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഭീഷണിയാണ് മൂഫീദ ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
Comments