തിരുവനന്തപുരം: പൂന്തുറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ പോലീസ് അതിക്രമം. രാത്രിയോടെയായിരുന്നു സംഭവം. നിലവിലെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തിയ നീക്കത്തിന് പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് ക്ഷേത്ര കാര്യാലയം പോലീസ് പൂട്ടിയതാണ് പ്രകോപനത്തിന് കാരണം.
ക്ഷേത്ര കാര്യാലയം പൂട്ടിയത് അറിഞ്ഞ് നിരവധി വിശ്വാസികൾ സ്ഥലത്ത് തടിച്ചുകൂടി. നിത്യപൂജയുളള അമ്പലമായതിനാൽ താക്കോൽ നൽകണമെന്നും കാര്യാലയം തുറക്കാൻ അനുവദിക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഗൗനിച്ചില്ല. തർക്കത്തിനൊടുവിൽ ഭക്തരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ശരണം വിളികളുമായി ഭക്തർ പോലീസിനെ പ്രതിരോധിച്ചു.
ശംഖുമുഖം എസിപി പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് ക്ഷേത്ര കാര്യാലയം പൂട്ടിയത്. തുടർന്നാണ് വൈകിട്ട് വഞ്ചിയൂർ സിഐയുടെ നേതൃത്വത്തിലുളള വൻ പോലീസ് സംഘം സ്ഥലത്തെത്തിയത്.
ധീവര സമുദായത്തിന്റെ നിയന്ത്രത്തിലുളള ക്ഷേത്രമാണിത്. രാത്രി വൈകിയും പോലീസും വിശ്വാസികളും തമ്മിൽ ക്ഷേത്ര പരിസരത്ത് തർക്കം നടന്നു. ക്ഷേത്ര പരിസരത്ത് വലിയ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പൂജാസമയത്ത് പൂജാസാധനങ്ങളും പാത്രങ്ങളും വിട്ടുനൽകണമെന്ന് ഭക്തർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments