മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനത്തിൽ മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ എംഎൽഎ.എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ കുറിപ്പിലൂടെയാണ് മുൻമന്ത്രിയുടെ വിമർശനം.
നിലമ്പൂർ എംഎൽഎ പി വി അൻവറിനോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് ജലീലിന്റെ കുറിപ്പ്. മാദ്ധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നൽകണമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം.ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നുവെന്നും ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമർശനമുയർന്നു.മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനമുയർന്നിരുന്നു.
Comments