തങ്ങളുടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികം സമ്മാനിച്ച് ഇൻസ്റ്റഗ്രാം. ജയ്പൂർ സ്വദേശിയായ നീരജ് ശർമ്മ എന്ന വിദ്യാർത്ഥിക്കാണ് ഇൻസ്റ്റഗ്രാം 38 ലക്ഷം രൂപ സമ്മാനമായി നൽകിയത്. ലോഗിനും പാസ് വേഡും ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ കഴിയുന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് നിരജ് തിരിച്ചറിഞ്ഞത്. ഇതുവഴി ഉപയോക്താവിന്റെ അനുമതി കൂടാതെ തന്നെ അതിലെ ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
നീരജ് ഈ വിവരം ഉടൻ തന്നെ ഇൻസ്റ്റഗ്രാമിലേയും ഫെയ്‌സ്ബുക്കിന്റേയും അധികൃതരെ അറിയിച്ചു. വിശദമായ അന്വേഷണം നടത്തിയ അധികൃതർ, ഇത് ആധികാരികമാണെന്ന് കണ്ടെത്തിയതോടെയാണ് നീരജിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഈ വൈറസ് വഴി അക്കൗണ്ടിൽ നിന്ന് റീലുകളുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ മാറ്റാൻ കഴിയുമെന്ന് നീരജ് പറയുന്നു.
‘ കഴിഞ്ഞ ഡിസംബറിൽ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ പ്രശ്‌നം കണ്ടെത്തി. ഏറെ നാൾ തിരഞ്ഞ ശേഷമാണ് വൈറസിന്റെ സാന്നിദ്ധ്യം മനസിലാക്കാനായത്. ഉടൻ തന്നെ ഇൻസ്റ്റഗ്രാമിനും ഫെയ്‌സ്ബുക്കിനും മെസേജ് അയച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് അവരുടെ മറുപടി ലഭിച്ചത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് അവർ പാരിതോഷികം പ്രഖ്യാപിച്ചതെന്നും’ നീരജ് പറഞ്ഞു. അതേസമയം തുക ലഭിക്കുന്നതിൽ ചെറിയ കാലതാമസം നേരിട്ടതിനാൽ മൂന്ന് ലക്ഷം രൂപ അധികമായി ലഭിച്ചെന്നും നീരജ് പറഞ്ഞു.
Comments