ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. ഇഡിയുടെ നടപടി പീഡനമാണെന്നാണ് ഡി.കെ.ശിവകുമാർ ആരോപിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും, സംസ്ഥാന നിയമസഭാ സമ്മേളനവും നടക്കുന്ന സമയത്ത് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും ശിവകുമാർ പറഞ്ഞു.
‘ ഭാരത് ജോഡോ യാത്രയും നിയമസഭാ സമ്മേളനവും നടക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യാൻ ഹാജരാകാൻ ഇ.ഡി എനിക്ക് നോട്ടീസ് അയച്ചത്. എന്നാൽ ഇപ്പോൾ അയച്ചിരിക്കുന്ന സമൻസ് എന്നെ ദ്രോഹിക്കുന്നതിന് വേണ്ടി മാത്രമാണ്. എന്റെ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ ഇത് തടസ്സമാണെന്നും’ ഡി.കെ.ശിവകുമാർ ട്വീറ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 സെപ്റ്റംബർ 3ന് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അതേവർഷം ഒക്ടോബറിൽ തന്നെ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. കണക്കിൽ പെടാത്ത സ്വത്തുവകകൾ കണ്ടെത്തിയതിന് ആദായനികുതി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ശിവകുമാറിനും കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്.
Comments