തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും ഗവർണർ നിലപാട് കടുപ്പിച്ചതോടെ അസ്വസ്ഥരായി എസ്എഫ്ഐ നേതാക്കൾ. ചാൻസലർ എന്ന നിലയിൽ ഇപ്പോഴത്തെ നിലപാട് തുടർന്നാൽ സർവകലാശാലകളിൽ ഗവർണറെ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐയുടെ ഭീഷണി. എംജി യൂണിവേഴ്‌സിറ്റിയിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ രംഗത്തു വന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ ഉയർത്തിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. ചാൻസിലറുമായി തെരുവിൽ രാഷ്‌ട്രീയ പോരിന് തങ്ങൾ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആർഎസ്എസിന്റെ വാക്കു കേട്ട് അവർ ചെവിയിൽ ഓതി കൊടുക്കുന്നത് സർവ്വകലാശാലയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ഇടപെടുമെന്നാണ് എസ്എഫ്ഐയുടെ വാദം.
ആർഎസ്എസ് രാഷ്‌ട്രീയം നടപ്പാക്കാൻ വന്നാൽ എസ്എഫ്‌ഐയ്‌ക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതിന് ഗവർണർ ഇട വരുത്തരുത് എന്ന് എസ്എഫ്ഐ ഭീഷണി മുഴക്കുന്നു. അതേസമയം, സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിയമവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. ഗവർണർ തുറന്ന പോരിന് ഒരുങ്ങിയതോടെ സർക്കാരും ഇടതുപക്ഷവും വെപ്രാളത്തിലാണ്.
Comments