വണ്ടി ഓടിച്ചു പോകുമ്പോൾ മൃഗങ്ങൾ മുന്നിൽ ചാടുന്നത് വലിയ അത്ഭുതമൊന്നുമല്ല. പട്ടിയും പൂച്ചയും പാമ്പും കോഴിയുമടക്കം ഓടിച്ചു പോകുന്ന വണ്ടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഒരു മുതല കുറുകെ വന്നാലോ. ആകെ ഒന്ന് അടിമുടി ഭയന്നു പോകും അല്ലേ. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായി. അമേരിക്കയിലെ ടെക്സാസിലാണ് ഭയപ്പെടുത്തുന്ന, എന്നാൽ ആശ്ചര്യം തോന്നുന്ന സംഭവം നടന്നത്. യാത്രക്കാർ എത്ര ശ്രമിച്ചിട്ടും മുതല ഒരടി പോലും വാഹനത്തിന് മുന്നിൽ നിന്നും അനങ്ങിയില്ല. അവസാനം ട്രക്ക് എത്തിയ ശേഷമാണ് റോഡിൽ നിന്നും ഭീമൻ മുതലയെ എടുത്ത് മാറ്റിയത്.
ടെക്സസാസിലെ റോഡിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. റോഡിന് നടുക്ക് അനങ്ങാതെ വിശ്രമിക്കുന്ന ഭീമൻ മുതലയെ കണ്ട് യാത്രികർ ഭയപ്പെട്ടു. ആദ്യം ഭയപ്പെട്ടുവെങ്കിലും ശാന്തനായി കിടക്കുന്ന മുതലയെ എങ്ങനെയെങ്കിലും റോഡിൽ നിന്നും നീക്കാൻ യാത്രക്കാർ പഠിച്ച പതിനെട്ടടവും പയറ്റി. എന്നാൽ ഒരടിപോലും അനങ്ങാതെ, തങ്ങളെ കണ്ട ഭാവം പോലും നടിക്കാതെ മുതല കിടന്നതോടെ യാത്രികർ പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് എത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ചു ദിവസങ്ങളായി പരിസരപ്രദേശങ്ങളിൽ ഈ ഭീമൻ മുതലയെ കണ്ടു വരുന്നുണ്ടെന്ന് നാട്ടുകാരും പോലീസിനോട് പറഞ്ഞു. 12 അടിയ്ക്ക് മുകളിൽ നീളം ഉണ്ടായിരുന്നു ഈ ഭീമൻ മുതലയ്ക്ക്. ആളുകൾ കൂടിയിട്ടും മുതല അനങ്ങാതെ കിടന്നതോടെ അവയെ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരെ പോലീസ് വരുത്തുകയായിരുന്നു. പ്രത്യേക സംഘം എത്തിയ ശേഷം മുതലയെ ട്രക്കിൽ കയറ്റിയാണ് കൊണ്ടുപോയത്. പിടിയിലായ മുതലയെ പ്രാദേശിക മൃഗശാലയിൽ കൈമാറിയെന്നും പോലീസ് വ്യക്തമാക്കി.
Comments