ജയ്പൂർ: ലമ്പി ത്വക്ക് രോഗം ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങതിൽ പ്രതിഷേധവുമായി ബിജെപി.തലസ്ഥാനമായ ജയ്പൂരിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ വിഡീയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികളും കർഷകരുമാണ് രംഗത്തെത്തിയത്.
രോഗത്തിന്റെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്താനായി എംഎൽഎ സുരേഷ് സിംഗ് റാവത്ത് നിയമസഭയിൽ പശുവുമായെത്തിയിരുന്നു. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലും സർക്കാർ മെല്ലെപോക്ക് തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രോഗബാധിതരായ കന്നുകാലികളെ സംരക്ഷിക്കാനുള്ള സംവിധാനം സർക്കാർ സൃഷ്ടിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
രാജസ്ഥാന് പുറമേ പഞ്ചാബിലും കന്നുകാലികളെ നശിപ്പിക്കുകയാണ് ലമ്പി രോഗം. നൂറു കണക്കിന് പശുക്കൾ ചത്തൊടുങ്ങുകയും ആയിരക്കണക്കിന് പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ക്ഷീര കർഷകർക്ക് വൻ തോതിലുള്ള നഷ്ടമാണ് രോഗം വഴി സംഭവിച്ചിരിക്കുന്നത്. ഇക്കാരണത്താൽ സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാണ്.
Rajasthan BJP chief Satish Poonia climbs atop a police barricade during the party's protest in Rajasthan's Jaipur over the death of thousands of cattle in the state due to lumpy skin disease pic.twitter.com/7lnanlvfOs
— ANI (@ANI) September 20, 2022
കന്നുകാലികളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് ലമ്പി ത്വക്ക് രോഗം. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത രോഗം ഈച്ച,കൊതുക് തുടങ്ങി രക്തം കുടിക്കുന്ന പ്രാണികൾ വഴിയാണ് പടരുന്നത്. ഈ പ്രാണികൾ മൃഗങ്ങളെ കടിക്കുന്നത് വഴി മരണത്തിന് കാരണമാകുന്നു. വാക്സിൻ നൽകുന്നതും രോഗബാധിതരായ മൃഗങ്ങളെ കൊന്നൊടുക്കുന്നതുമാണ് പ്രതിരോധ മാർഗം. യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments