മുംബൈ : താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയെ കുരങ്ങുകൾ ആക്രമിച്ചു. യുവതിയുടെ ഇടത് കാലിനാണ് പരിക്കേറ്റത്. യുവതിക്ക് താജ്മഹൽ ജീവനക്കാരും ഫോട്ടോഗ്രാഫറും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റതിനെ തുടർന്ന് കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഭർത്താവിനൊപ്പമാണ് യുവതി താജ്മഹൽ കാണുന്നതിനായി എത്തിയത്. ഇതിനിടെയാണ് ഇവരെ കുരങ്ങുകൾ ആക്രമിച്ചത്. അതേസമയം ആശുപത്രിയിലെത്തി തുടർചികിത്സ സ്വീകരിക്കാൻ യുവതി വിസമ്മതിക്കുകയാണ് ഉണ്ടായത്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടില്ല. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്.
കുരങ്ങുകളുടെ ചിത്രം എടുക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റതെന്ന് താജ്മഹലിലെ എഎസ്‌ഐ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്‌പേയി പറഞ്ഞു. പരിക്കേറ്റ ഉടൻ അവർക്ക് വേണ്ട് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. സംഭവം ആവർത്തിക്കാതിരിക്കുന്നതിനും . വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാനും ഒരു ജീവനക്കാരനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ സഞ്ചാരികളെ കുരങ്ങുകൾ ആക്രമിക്കുന്ന സംഭവം വർദ്ധിക്കുന്നതായി ഗൈഡായ മോണിക്ക ഷർമ്മ പറഞ്ഞു.കുരങ്ങ് ശല്യത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വനംവകുപ്പിനും കത്തയച്ചിട്ടുണ്ടെന്നും സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേലും വ്യക്തമാക്കി. കുരങ്ങുകളുടെ കൂടെ ഫോട്ടോയെടുക്കുന്നതും അവരുമായി കൂട്ടുകൂടാൻ നോക്കുന്നതും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments