കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് കോഴിക്കോട് നടത്തിയ സമ്മേളനത്തിൽ ഇമാം കൗൺസിൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിനെതിരെ സുന്നി സംഘടനകൾ. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം നബി നിന്ദയാണെന്ന് പേരോട് അബ്ദു റഹിമാൻ സഖാഫി . ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ അഫ്സൽ ഖാസിമിയുടെ വിവാദ പ്രസംഗം.
ഹദീസിനെ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത് വ്യഖ്യാനിക്കുകയാണ് ഖാസിമി. നബി വാളെടുത്ത് ആക്രമിക്കാനല്ല ആഹ്വാനം ചെയ്യുന്നത്. കാരുണ്യത്തിന്റെ വഴി കാണിക്കുകയായിരുന്നു . അദ്ദേഹത്തെ ആക്രമിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പേരോട് കൂട്ടിച്ചേർത്തു. പ്രസംഗത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിന്റേത് എന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിമർശിച്ചു. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലർ ഫ്രണ്ടിന് പ്രവാചകന്റെ ചരിത്രം മുഴുവൻ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവർക്ക് വേണ്ടത് ്.തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
Comments