മുണ്ടൂർ: പാചക വാതകവുയമായി വന്ന ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ സംഭവത്തിൽ അനുഭവം പങ്കുവെച്ച് വർക്‌ഷോപ്പ് ഉടമ. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് കടയുടമയായ ഗിരീഷ്. വൈകിട്ട് അഞ്ചു മണിയോട് അടുപ്പിച്ചാണ് അപകടം ഉണ്ടായത്. സാധാരണ ദിവസങ്ങളിൽ കടയുടെ മുന്നിലുള്ള വരാന്തയിൽ ചായയും കുടിച്ച് ഇരിക്കാറാണ് പതിവ്.
സംഭവ ദിവസം താനും കോങ്ങാട് സ്വദേശി ചന്ദ്രശേഖരൻ നായരും ചേർന്ന് തൊട്ടടുത്ത് തയ്യൽ കട നടത്തുന്ന ദാസന്റെ അടുത്തേക്ക് പോവുകയും അവിടെ ചെന്ന് മൂവരും ഫോണിൽ നോക്കിയിരിക്കുമ്പോഴാണ് പുറത്ത് വലിയൊരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയ ഗിരീഷ് കണ്ടത് വൈദ്യുതി തൂണുകളും , ലൈൻ കമ്പികളും തകർത്ത് വർക്‌ഷോപ്പിന് നേരെ വരുന്ന കൂറ്റൻ ടാങ്കറിനെയാണ്.
അപകടം നടക്കുന്നതിന് 15 മിനിറ്റ് മുൻപാണ് ഗിരീഷ് തയ്യൽ തൊഴിലാളിയായ ദാസന്റെ അടുത്തേക്ക് വന്നത്. സാധാരണ ഈ നേരങ്ങളിൽ വർക്‌ഷോപ്പിൽ തന്നെ ഇരിക്കുകയാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി കൃത്യ സമയത്തിന് മുൻപ് ദാസന്റെ അടുത്തേക്ക് പോകാൻ തോന്നിയത് ഭാഗ്യമാണെന്ന് ഗിരീഷ് പറയുന്നു.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഒരു രാത്രി വൈദ്യുതി മുടങ്ങി. വർക്‌ഷോപ്പിലേക്ക് മറിഞ്ഞ ടാങ്കർ ലോറിയിൽ 35 ടൺ പാചക വാതകമുണ്ടായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. ടാങ്കറിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചത് കൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്. സ്ഥലത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Comments