ന്യൂഡൽഹി: റോഡരികിൽ ഉറങ്ങി കിടന്നവർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി നാല് മരണം. സീമാപുരി മേഖലയിലായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഡിപ്പോയ്‌ക്ക് സമീപമാണ് അപകടം നടന്നത്. കരിം , ഛോട്ടേ ഖാൻ , ഷാ ആലം , രാഹു എന്നിവരാണ് മരിച്ചത്. 16-കാരനായ മനീഷ്, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്.രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഒരാൾ ചികിത്സയ്‌ക്കിടയിലുമാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ പ്രതി ട്രക്കുമായി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വാഹനം കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Comments