ഇസ്ലാമാബാദ് : പ്രളയത്തിൽ തകർന്ന പാകിസ്താൻ സന്ദർശിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി .സന്ദർശന വേളയിൽ പ്രളയ ബാധിതർക്ക് സഹായവും , ബോധവൽക്കരണവും താരം നൽകി. 16 ദശലക്ഷം കുട്ടികളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന യു എൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സന്ദർശനത്തിനായി ആഞ്ജലീന പാകിസ്താനിൽ എത്തിയത്.
രാജ്യത്തെ സമൂഹിക മാദ്ധ്യമങ്ങളിൽ താരം പ്രളയ മേഖലകൾ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയാണ് . നേരത്തെ വെള്ളപ്പൊക്കം ബാധിച്ച ജില്ലകളിൽ ഒന്നായ ഡാഡുവിൽ താരം സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ അവർ രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് അന്തർദേശീയ റെസ്‌ക്യൂ കമ്മിറ്റി നന്ദിയും അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് ഉണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് പ്രതിനിധി അബ്ദുല്ല ഫാദിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്ന് കുട്ടികളിൽ വയറിളക്കം, ഡെങ്കിപ്പനി, ത്വക്ക് രോഗം എന്നിവ കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂൺ പകുതിയോടെ പെയ്ത ശക്തമായ മഴയിലാണ് പാകിസ്താനിൽ വെള്ളപ്പൊക്കം ഉണ്ടായത്. പിന്നാലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും വീടുകൾ തകരുകയും ചെയ്തു.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 1,355 പേർ കൊല്ലപ്പെട്ടു. ആറ് ലക്ഷത്തിലധികം ആളുകൾക്ക് വീടില്ലാതെയായി. പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗമാണ് ആഴ്ചകളോളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് വെള്ളപ്പൊക്കം 3.3 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. 1,77,265 പേരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അതേസമയം രാജ്യം അഭിമുഖീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തമാണ് . അതിനാൽ പ്രളയബാധിതർക്ക് കൂടുതൽ സഹായം നൽകാൻ അന്താരാഷ്‌ട്ര സമൂഹത്തോട് പാകിസ്താൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
Comments