ന്യൂയോർക്ക്: നന്ദി പറയാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ 37കാരനെ കുത്തിക്കൊന്നു. അമേരിക്കയിൽ പാർക്ക് സ്ലോപ്പിലെ ഫോർത്ത് അവന്യുവിൽ കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. അപരിചിതനായ വ്യക്തിക്ക് കടയുടെ വാതിൽ തുറന്നു കൊടുത്തതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്. കൊല്ലപ്പെട്ടയാൾ, കൊലപാതകം നടത്തിയ ആൾക്ക് വേണ്ടിയാണ് കടയുടെ വാതിൽ തുറന്നു കൊടുത്തത്.
എന്നാൽ വാതിൽ തുറന്നു കൊടുത്തതിന് നന്ദി പറയാൻ രണ്ടാമത്തെയാൾ തയ്യാറായില്ല. നന്ദി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രണ്ടുപേരും തമ്മിൽ തർക്കമായി. വൈകാതെ തന്നെ ഇവർ തമ്മിൽ ശാരീരികമായ ഏറ്റുമുട്ടലും ആരംഭിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ പുറത്ത് നിന്ന് വന്നയാൾ അയാളുടെ സൈക്കിളിൽ നിന്ന് കത്തിയെടുത്ത് തനിക്ക് വാതിൽ തുറന്നു തന്നയാളെ കുത്തി വീഴ്ത്തുകയായിരുന്നു.
കൊല്ലപ്പെട്ടയാൾക്ക് നിരവധി തവണ കുത്തേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം കൊലപാതകം നടത്തിയ ആളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.
Comments