ന്യൂഡൽഹി : ഇരുചക്ര വാഹനങ്ങളുടെ ലൈസൻസിനായി ഇനി രാണ്ടാഴ്ചത്തെ ക്ലാസുകളിൽ പങ്കെടുക്കണം. ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ക്ലാസ് നിർബന്ധമാക്കി വിജ്ഞാപനം പുറത്തിറക്കിയത്. 20 സെക്ഷനുകളിലായി രണ്ടാഴ്ചത്തെ തിയറിയും പ്രായോഗിക പരിശീലനവുമാണ് നിർബന്ധമാക്കിയിരിക്കുന്നത്.
ഡ്രൈവിങ് ബാലപാഠങ്ങൾ മുതൽ ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ്, റോഡിലെ പെരുമാറ്റം ഉൾപ്പെടെയാണ് പഠിക്കേണ്ടത്. ഇതിന് പുറമെ ലൈസൻസ് ലഭിക്കാൻ അംഗീകൃത ഡ്രൈവിങ് സെന്ററുകളിൽ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സർട്ടിഫിക്കറ്റ് കൂടി അപേക്ഷയ്ക്കൊപ്പം നൽകണം. ക്ലാസിൽ 7 തിയറി സെഷനും 13 പ്രായോഗിക പരിശീലനവും അടങ്ങിയ സെഷനുമാണ് ഉണ്ടാവുക.
പ്രയോഗിക പരിശീലനങ്ങളിൽ വരുന്നത് ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം , രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ, അലഞ്ഞു തിരിയുന്ന മൃഗങ്ങളുണ്ടാക്കുന്ന അപകടത്തിൽ നിന്നുള്ള മുൻകരുതൽ, വലിയ വാഹനങ്ങളുള്ള റോഡിൽ പാലിക്കേണ്ട രീതികൾ, ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് മുതലായവയാണ്.
തിയറി ക്ലാസിൽ ഡ്രൈവിങ് ബാലപാഠങ്ങൾ, ട്രാഫിക് വിദ്യാഭ്യാസം , വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ , അപകടങ്ങളിൽപ്പെട്ടവർക്കുള്ള പ്രഥമശുശ്രൂഷ , റോഡിലെ പെരുമാറ്റം , അപകടങ്ങളുടെ കേസ് സ്റ്റഡികൾ , ഇന്ധനം ലാഭിക്കുന്നതും പരിസ്ഥിതി പരിപാലനവും തുടങ്ങിയവയും പഠിക്കണം. ഇവയ്ക്ക് പുറമെ കാറുകളിൽ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ മുന്നറിയിപ്പ് അലാം മുഴങ്ങുന്ന സംവിധാനം നിർബന്ധമാക്കിയുള്ള വിജ്ഞാപനവും വൈകാതെ ഇറങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം .
Comments