കൊല്ലം; ബസിൽ നിന്ന് തെറുച്ചുവീണ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വഴിയിലുപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ കൊടും ക്രൂരത. കൊല്ലം ഏഴുകോണിലാണ് സംഭവം. ഓടുന്ന ബസിൽ നിന്ന് കുണ്ടറ ഷീബാഭവനിൽ നിഖിൽ സുനിലിനാണ് ഈ ദുരവസ്ഥ. ഏഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ നിഖിലിനെ പിന്നാലെ വന്ന ഹോംഗാർഡാണ് ആശുപത്രിയിലെത്തിച്ചത്.
ചീരങ്കാവ് പെട്രോൾ പമ്പിനുസമീപമായിരുന്നു അപകടമുണ്ടായത്. സ്കൂൾവിട്ട് കൊട്ടാരക്കര കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസിൽ കുണ്ടറയിലേക്കുള്ള യാത്രാമദ്ധ്യേ വാതിലിൽനിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.
തുടർന്ന് ചീരങ്കാവ് സ്റ്റോപ്പിലിറങ്ങിയ സഹപാഠികൾ സ്കൂളിലെത്തി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അദ്ധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചത്. തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റ് റോഡിൽകിടന്ന നിഖിലിനെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡായ സുരേഷ്ബാബുവാണ് ആശുപത്രിയിലെത്തിച്ചത്.
Comments