ഡയറി എഴുതുക എന്നത് പൊതുവേ ഒരു വിധം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. മറ്റുള്ളവരെ കാണിക്കാതെ എഴുതുന്ന ഡയറിയിലെ കുറിപ്പുകൾ നമ്മുക്ക് അത്രമേൽ പ്രിയപ്പെട്ടതും ആകും . ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡയറി കുറിപ്പുകൾ സമൂഹമാദ്ധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. 2022 ലോക സമാധാന ദിനം കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലുള്ള ഡയറി കുറിപ്പുകൾ സമൂഹമാദ്ധ്യമങ്ങളിൽ തംരംഗം സൃഷ്ടിച്ചിരിക്കുന്നത്.
യുവ ബിജെപി പ്രവർത്തകൻ ആയിരിക്കുമ്പോൾ അദ്ദേഹം എഴുതിയ ഈ കുറിപ്പുകൾ ലോക ഐക്യത്തെയും സമാധാനത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. മോദി ആർക്കൈവ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി യുവാക്കളുടെ മനസ്സുകളിൽ ഈ കുറിപ്പ് പതിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ദേശീയ കാഴ്ചപ്പാട്, പാരമ്പര്യം , അഭിലാഷം എന്നിവയെക്കുറിച്ച് എല്ലാം സംസാരിക്കുന്ന കുറിപ്പ് സംസ്കൃതത്തിലും ഹിന്ദിയിലുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
നാനാത്വത്തിൽ ഏകത്വം, തൊഴിൽ സംസ്കാരം , ത്യാഗം പ്രതിഫലം കൊയ്യുന്നു, ദൈവം നമ്മെ എല്ലാവരെയും സംരക്ഷിക്കട്ടെ, ലോകം മുഴുവൻ നമ്മുടെ കുടുംബമാണ്, ദേശീയ അഭിലാഷം രാഷ്ട്രത്തെ സേവിക്കലല്ല മറിച്ച് രാഷ്ട്രത്തിനായി നമ്മെ സമർപ്പിക്കലാണ്, സ്ഥിരതയോടെ മുന്നോട്ട് പോവുക , പുതിയ ആശയങ്ങൾക്കായി തുറന്ന് പ്രവർത്തിക്കുക, സാഹസികത തുടരുക , മാതൃരാജ്യത്തിന് സല്യൂട്ട്, ജീവശക്തി എന്നത് നൂറു കോടി രാജ്യക്കാരും ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യവുമാണ് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ഡയറിയിൽ കുറിച്ചിരിക്കുന്നത്.
ലോക സമാധാന ദിനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ എത്തിയ ഈ കുറിപ്പ് നിവരധി പേർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. സമാധാന തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് സെപ്റ്റംബർ 21 ന് ലോക സമാധാന ദിനം നാം ആചരിക്കുന്നത്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ദിനം നാം ഒരോരുത്തരെയും ഓർമ്മിപ്പിക്കുന്നത്. ഇവിടെ ഇക്കാര്യങ്ങൾ തന്നെയാണ് പ്രധാനമന്ത്രി വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഡയറി കുറിപ്പിലൂടെ നമ്മുക്ക് വ്യക്തമാക്കി തരുന്നതും.
Comments