കൂറ്റനാട്: പശു വീട്ടുവളപ്പിലെ വാഴപ്പഴം തിന്നത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനെ പശുവിന്റെ ഉടമ വാൾ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ചാലിശ്ശേരി സ്വദേശി കൃഷ്ണനാണ് പരിക്കേറ്റത്. പരിക്കേറ്റ അമ്പതുകാരനെ ചാലിശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണന്റെ വീടിനോട് ചേർന്ന് നിന്നിരുന്ന വാഴക്കുലയിൽ നിന്ന് പഴം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പശു തിന്നിരുന്നു. ഇത് സംബന്ധിച്ച് പശുവിന്റെ ഉടമയോട് സൂചിപ്പിച്ചപ്പോൾ പ്രകോപിതനായി. പിന്നാലെ കൃഷ്ണനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വാളുകൊണ്ട് വെട്ടുകയും അടിക്കുകയും ചെയ്തെന്ന് കൃഷ്ണൻ പറഞ്ഞു. കാലിൽ വെട്ടി പരിക്കേൽപ്പിച്ചതോടെ ഇയാൾ നിലത്ത് വീണു. തുടർന്ന് മടവാൾ ഉപയോഗിച്ച് തലയ്ക്കടിച്ചതായും പരിക്കേറ്റ കൃഷ്ണൻ വ്യക്തമാക്കി.
സ്ഥിരമായി വിളകൾ പശു നശിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് കൃഷ്ണൻ പഞ്ചായത്ത് മെമ്പറിന് പരാതി നൽകിയിരുന്നു. നേരത്തെ പ്രശ്നം പശുവിന്റെ ഉടമയോട് സൂചിപ്പിച്ചപ്പോൾ പറമ്പ് മതിൽ കെട്ടി സംരക്ഷിക്കാനാണ് പറഞ്ഞത്. പിന്നാലെ മതിൽ കെട്ടിയെങ്കിലും മതിലിനരികിലൂടെ കയറി വിളകൾ നശിപ്പിക്കുകയായിരുന്നു. കൃഷ്ണൻ ഇത് സംബന്ധിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
Comments