ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങൽ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു ഗവർണർ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന് പോലും സാധിക്കാത്ത കാര്യങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിട്ടത്. താഴെ തട്ടിൽ നിന്നും ഉയർന്നു വന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം. നരേന്ദ്രമോദി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. നെഹ്റുവിന് പോലും കഴിയാതിരുന്നതാണ് മോദിയ്ക്ക് സാധിച്ചതെന്ന് ട്രിപ്പിൾ തലാഖ് അടക്കമുള്ള തീരുമാനങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഗവർണർ പറഞ്ഞു.
‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്- പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി സ്പീക്ക്സ്’ എന്ന പുസ്കത്തിന്റെ പ്രകാശനമാണ് ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചത്. വിവിധ വിഷയങ്ങളിലുള്ള പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments