കണ്ണൂർ: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പോലീസിന് പൂച്ചെണ്ട് നൽകണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.കേരള പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് മാതൃകയാണ്. കൃത്യമായ സമയം എടുത്തുള്ള പോലീസിന്റെ നീക്കം കുറ്റവാളികൾക്കുള്ള താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ അറസ്റ്റിലായ പ്രതിക്ക് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരന് രാഷ്ട്രീയ പക്വതയില്ല. സുധാകരൻ ബോംബ് നിർമ്മാണം നടത്തിയിരുന്ന കണ്ണൂർ കാലത്തിൽ നിന്നും കെ പി സി സി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പിടിയിലായത്.ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ കെ സുധാകരൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ജിതിൻ നിരപരാധിയാണ്.ബോംബെറിഞ്ഞുവെന്നത് ശുദ്ധ നുണയാണ്. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്ളേറ്റിൽ മായം കലർത്തി മയക്കുന്നു.എസ് പിയുടെ മുന്നിലിരുത്തി ജിതിന് ചോക്ലേറ്റ് നൽകി അവന്റെ ബോധമനസ്സിനെ മയക്കി.
അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നായിരുന്നു വിമർശനം.
Comments