ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ബംഗളൂരുവിൽ കനകപുരിയിലെ വസതിയിലടക്കം സിബിഐ സംഘം പരിശോധന നടത്തി.
സ്വത്തുക്കളുടെ രേഖകൾ പരിശോധിക്കുകയും ബന്ധുക്കളുടെ സ്വത്ത് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും സി.ബി.ഐ. സംഘം പരിശോധിച്ചു.
2017ൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിന്റെ പേരിൽ സിബിഐ നേരത്തെ കേസെടുത്തിരുന്നു. 75 കോടിയോളം അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തെളിവുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
ശിവകുമാറിനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ അദ്ദേഹം അറസ്റ്റിലാവുകയും ഒരു മാസത്തിന് ശേഷം ജാമ്യം ലഭിക്കുകയുമായിരുന്നു.
Comments