പാലാ: പാലാ പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ പരിപാടിക്കിടെ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ. നവാഗതർക്കായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ കാർഡും, മധുരവും വിതരണം ചെയ്യുന്നതിനിടയിൽ സംഘടിച്ചെത്തിയ എസ് എഫ് ഐ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു. എസ് എഫ് ഐ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് സനന്ദൻ ഒ എസ് പറഞ്ഞു.
അക്രമത്തിൽ എബിവിപി പാലാ നഗർ സെക്രട്ടറി അക്ഷയ്, ജില്ലാ കമ്മിറ്റി അംഗം അനന്ദു തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകർ നടത്തിയ മാതൃകാപരമായ പ്രവർത്തനത്തിൽ വിറളി പൂണ്ട 30ഓളം വരുന്ന എസ് എഫ് ഐ ഗുണ്ടകൾ യാതൊരു പ്രകോപനവും കൂടാതെ ആക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് എസ എഫ് ഐ ഗുണ്ടകൾക്ക് ആക്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്ന് എബിവിപി ആരോപിക്കുന്നു.
ഇരുമ്പ് ദണ്ഡും, കരിങ്കല്ലും, കുറു വടിയുമായിട്ടാണ് അക്രമികൾ ക്യാമ്പസിൽ എത്തിയത്. എബിവിപി പ്രവർത്തകരെ നോട്ടമിട്ട് കൂട്ടം കൂടി മർദിക്കുകയാണ് ചെയ്തത്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അക്രമികൾ ക്യാമ്പസിൽ എത്തിയത്. കോട്ടയം ജില്ലയിലെ നിരവധി ക്യാമ്പസുകളിൽ എസ് എഫ് ഐ സമാന രീതിയാണ് നടപ്പാക്കുന്നത്. എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
സ്വാതന്ത്ര്യവും ജനാധിപത്യവും പറയുന്ന എസ് എഫ് ഐ ക്യാമ്പസുകളിൽ നടത്തുന്നത് ഏകാധിപത്യമാണെന്ന് സനന്ദൻ പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾക്ക് സമാധാനത്തോടെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം നഷ്ടപ്പെടുത്തുന്ന എസ് എഫ് ഐയെ വിദ്യാർത്ഥികൾ ഒറ്റപ്പെടുത്തണം. ജില്ലയിലെ നിരവധി ക്യാമ്പസുകൾ ഇവർ കയ്യടക്കി വെച്ചിരിക്കുകയാണെന്നും നാട്ടകം ഗവണ്മെന്റ് കോളേജ് പോലുള്ള ക്യാമ്പസുകൾ സിപിഎം- എസ് എഫ് ഐ ഗുണ്ടകൾക്ക് ഒളിച്ചു താമസിക്കാനുള്ള സങ്കേതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ് എഫ് ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിൽ നാളെ പ്രതിഷേധ പരിപാടികൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും. അക്രമത്തിലൂടെ കീഴ്പ്പെടുത്താമെന്നാണ് കരുതുന്നതെങ്കിൽ നിയമപരമായ മാർഗത്തിലൂടെ എസ് എഫ് ഐ ഗുണ്ടായിസത്തെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments