ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയ്ക്കുള്ളിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. തെക്കൻ ഡൽഹിയിലെ ഓഖ്ലയ്ക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയിൽ ഇന്നലെയാണ് സംഭവം. ആശുപത്രിയ്ക്കുള്ളിൽ വച്ച് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
പ്രദേശത്തെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. പുറത്തു വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രിക്കുള്ളിലും ഇവർ തമ്മിൽ ചേരിതിരിഞ്ഞ് തർക്കമുണ്ടായി. ഇതിനിടയിലാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്.
ഏറ്റുമുട്ടലിൽ ആശുപത്രിയിലെ രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വെടിവയ്പ്പ് ആശുപത്രിയിൽ പരിഭ്രാന്തി ഉണ്ടാക്കിയെന്നും നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാണെന്നും ആശുപത്രിയിലെ ഡോക്ടർമാരും പറഞ്ഞു.
Comments