ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ സർക്കാർ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികളിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതയും ഛർദ്ദിലും. തമ്പകച്ചുവട് സർക്കാർ യുപി സ്കൂളിലെ പന്ത്രണ്ടോളം വിദ്യാർത്ഥികൾക്കാണ് ഛർദ്ദിൽ അനുഭവപ്പെട്ടത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് ചികിത്സ നൽകിയതിന് ശേഷം വിട്ടയച്ചു.
സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികൾക്കാണ് ഛർദ്ദിൽ അനുഭവപ്പെട്ടത്. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മോരുകറിയും കടലക്കറിയുമാണ് ചോറിനൊപ്പം നൽകിയത്. അതേസമയം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്.
Comments