ന്യൂഡൽഹി: ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾ 2023 ഡിസംബറോടെ യാഥാർത്ഥ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന വർഷത്തോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻലസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളെ അവതരിപ്പിക്കാൻ 5 ജി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
5ജി യുഗത്തിന്റെ നേതൃത്വം വഹിക്കാൻ തയ്യാറാണെന്നും ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ കോൺഗ്രസും വൈകാതെ ഗ്ലോബൽ കോൺഗ്രസുമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ടെലികോം ചരിത്രത്തിൽ ഇന്നത്തെ ദിനം സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുമെന്നും എല്ലാ വ്യക്തികളിലേക്കും ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മികച്ച മാർഗമാണിതെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് പ്രധാനമന്ത്രി 5ജി സേവനങ്ങൾക്ക് തുടക്കംകുറിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം 5ജിയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായാകും രാജ്യത്ത് 5 ജി എത്തുക. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഈ വർഷം തന്നെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.
Comments