മുംബൈ: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴു വയസുകാരന് ദാരുണാന്ത്യം. ബാറ്ററി വീടിനുള്ളിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മുംബൈയിലെ വസൈയിയിലെ രാംദാസ്നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ ഏഴു വയസുകാരൻ ഷാബിർ അൻസാരിയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവം നടക്കുമ്പോൾ മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്നു ഷാബിർ. അപകടത്തിൽ മുത്തശ്ശിയ്ക്കും പരിക്കേറ്റു. മുറിയിൽ നിന്നും വലിയ ശബ്ദം കേട്ടാണ് ഷാബിറിന്റെ അമ്മ ഉണർന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിതച്ചതോടെ വീട് ഭാഗികമായി തകർന്നു. സംഭവ സ്ഥലത്ത് അഗ്നി സുരക്ഷാസേന രക്ഷാപ്രവർത്തനത്തിനെത്തി.
ബാറ്ററി ചൂടായതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. ജയ്പൂർ കേന്ദ്രമായുള്ള സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments