ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ പോലീസുകാരൻ വീരമൃത്യുവരിച്ചു. ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയോടെ പുൽവാമയിലെ പിൻഗലാന മേഖലയിലായിരുന്നു സംഭവം. പ്രദേശത്ത് സിആർപിഎഫും പോലീസും സംയുക്തമായി പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ വാഹനങ്ങളിൽ എത്തിയ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജവാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസും സിആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
രാവിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായത്.
Comments