ജോധ്പൂർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയാകും. പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് കരുത്ത് പകരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്നാഥ് സിംഗിന് പുറമെ വ്യോമസേനാ മേധാവി വി.ആർ.ചൗധരിയും ചടങ്ങിൽ പങ്കെടുക്കും.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഇന്ത്യയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5000 മീറ്റർ (16,400) അടി ഉയരത്തിൽ വരെ സുഗമമായി പറക്കാൻ ഇവയ്ക്കാകും. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററുകളാണ് ഇവ. ഏത് കാലാവസ്ഥയിലും പൊരുതി നിൽക്കാൻ ഇവയ്ക്കാകും. അത്യാധുനിക സംവിധാനങ്ങളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നതെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.
I would be in Jodhpur, Rajasthan tomorrow, 3rd October, to attend the Induction ceremony of the first indigenously developed Light Comat Helicopters (LCH). The induction of these helicopters will be a big boost to the IAF’s combat prowess. Looking forward to it. pic.twitter.com/L3nTfkJx5A
— Rajnath Singh (@rajnathsingh) October 2, 2022
കഴിഞ്ഞ മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള അംഗീകാരം നൽകിയത്. 15 ഹെലികോപ്റ്ററുകളുടെ നിർമ്മാണത്തിനായി 3887 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് പുറമെ സൈന്യത്തിനും അഞ്ച് ഹെലികോപ്റ്ററുകൾ കൈമാറും.
Comments