തിരുവനന്തപുരം : കിളിമാനൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മരിച്ചു. ശശിധരൻ നായർ എന്നയാളാണ് മരിച്ചത്. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സെപ്റ്റംബർ 30ന് രാവിലെ 11.30നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരൻ കൊലപ്പെടുത്തിയത്. പ്രഭാകര കുറുപ്പ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ നിന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ദമ്പതികളെ കണ്ടത്. ഗുരുതരമായി പൊളളലേറ്റ ശശിധരൻ അപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.
27 വർഷം മുൻപത്തെ വൈരാഗ്യമാണ് പ്രതിയെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത് എന്നാണ് വിവരം.
ശശിധരന്റെ മകനെ വിദേശത്തേക്ക് കൊണ്ടുപോയത് പ്രഭാകര കുറുപ്പായിരുന്നു. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതോടെ നിരാശനായ മകൻ വിദേശത്ത് വെച്ച് ആത്മഹത്യ ചെയ്തു. സഹോദരൻ മരിച്ച വിഷമത്തിൽ ഇയാളുടെ മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് ശശിധരന് പ്രഭാകര കുറുപ്പിനോട് ശത്രുത ഉണ്ടായത്. ഇയാൾക്കെതിരെ കേസ് കൊടുത്തെങ്കിലും അടുത്തിടെ പ്രഭാകര കുറുപ്പിനെ കോടതി വെറുതെ വിട്ടു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
Comments